അസ്‌കര്‍ വെങ്ങാട്
http://vyganews.com/articly-by-askar-vengad-on-muslim-marriage/
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് പതിനാറാക്കി കുറയ്ക്കണമെന്ന ചര്‍ച്ച കൊഴുക്കുകയാണിപ്പോള്‍ . സത്യത്തില്‍ മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?. സമുദായത്തിനോ അതോ രക്ഷിതാക്കള്‍ക്കോ?. അല്ലെങ്കില്‍ കാലവും ലോകവും മുന്നോട്ടുകുതിക്കവേ എന്തിനാണ് ഇത്തരമൊരു പിന്തിരിപ്പന്‍ ചര്‍ച്ചയുടെ ആവശ്യം?.
മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യസപരമായും മറ്റ് മേഖലകളിലും മികവ് കൈവരിക്കുമ്പോഴാണ് ഇത്തരമൊരു ചര്‍ച്ച സജീവമാവുന്നതെന്ന് മറക്കരുത്. അപ്പോള്‍ ഇത്തരമൊരു നേട്ടം സമുദായത്തിലെ തന്നെ ചിലര്‍ക്ക് അംഗീകരിക്കാനാവുന്നില്ല. അല്ലെങ്കില്‍ ഇത്തരമൊരു വാദത്തിന് പ്രസക്തിയുണ്ടോ?. ഇല്ലെന്ന് തന്നെയാണ് എന്റെ പക്ഷം. വിവാഹത്തിന്റെ മറയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടെന്ന രഹസ്യ അജണ്ട നടപ്പാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നുറപ്പ്.
സമീപകാലത്തെ മെഡിക്കല്‍ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളുടെയും മറ്റ് മത്സര പരീക്ഷകളുടെയും ഫലം ശ്രദ്ധിക്കുന്നവര്‍ക്ക് ഒരുകാര്യം മനസ്സിലാവും. മലബാറിലെ, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ മുസ്ലീം കുട്ടികള്‍ വലിയ വിജയം നേടുന്നു. വിദ്യാഭ്യാസപരമായ ഇവരുടെ ഉയര്‍ച്ച സാമൂഹിക – സാമ്പത്തിക – രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്. ഈ മാറ്റങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി ചിലര്‍ മുന്നോട്ടുവന്നിരിക്കുന്നത്.
on-muslim-marriage/
വിവാഹപ്രായം പതിനെട്ടായിരിക്കെ തന്നെയാണ് മലപ്പുറം ജില്ലയില്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹം നിര്‍ബാധം നടക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രമല്ല, മലബാറില്‍ പൊതുവെ ഈ കാഴ്ച കാണാനാവും. മുപ്പതാം വയസ്സില്‍ അമ്മൂമ്മമാരാവുന്നത് മലപ്പുറം ജില്ലയിലെ പതിവ് കാഴ്ചയാണ്. ഇത്തരം കാഴ്ചകള്‍ക്ക് തുടര്‍ച്ച വേണം എന്നാണോ വിവാഹപ്രായം പതിനാറാക്കി കുറയ്ക്കണം എന്ന് വാദിക്കുന്നവര്‍ ആഗ്രഹിക്കുന്നത്.
വിവാഹം വിദ്യാഭ്യാസത്തിന് തടസ്സമല്ലെന്നാണ് ഇവര്‍ വാദിക്കുന്നത്. എന്നാല്‍ വളരെ ചുരുക്കംപേരാണ് വിവാഹത്തിന് ശേഷം വിദ്യാഭ്യാസം തുടരുന്നത് എന്നതാണ് സത്യം. വിവാഹത്തിന് ശേഷം ഏറെ താമസിയാതെ അമ്മമാരാവുന്നതോടെ ഈ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളിലോ കോളേജിലോ പോകാനോ പഠിക്കാനോ കഴിയുമോ?. ഭൂരിപക്ഷം പെണ്‍കുട്ടികളെയും അവരുടെ സമ്മതമില്ലാതെയാണ് ചെറുപ്രായത്തില്‍ കെട്ടിച്ചയക്കുന്നത്. കൂടെ പഠികുന്നവര്‍ ജീവിതത്തിന്റെ നല്ലകാലം ആസ്വദിക്കുമ്പോള്‍ മുസ്ലീം പെണ്‍കുട്ടികള്‍ താങ്ങാന്‍ കഴിയാത്ത ജീവിതഭാരങ്ങളുടെ ഉടമകളായിക്കഴിഞ്ഞിരിക്കും.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. സത്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയും അതിലൂടെ അവര്‍ സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയും പലരും ആഗ്രഹിക്കുന്നില്ല. അതിന്റെ കാരണങ്ങള്‍ വളരെ ലളിതമാണ്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടുണ്ടാവുന്നതോടെ പല പിന്തിരിപ്പന്‍ കാര്യങ്ങള്‍ക്കും പെണ്‍കുട്ടികളെ കിട്ടില്ല. അതുകൊണ്ട് ചെറുപ്പത്തിലേ കെട്ടിച്ചയച്ച് സ്വന്തം കാലില്‍ നില്‍ക്കാനുളള ശ്രമം തച്ചുടയ്ക്കുക എന്ന ലളിത തന്ത്രമാണ് ഇതിന് പിന്നില്‍ .
പെണ്‍കുട്ടികള്‍ക്ക് വ്യക്തമായ രാഷ്ട്രീയകാഴ്ചപ്പാടുണ്ടാവുന്നതിലൂടെ നിലനില്‍ക്കുന്ന പലസംവിധാനങ്ങളും ചോദ്യം ചെയ്യപ്പെടുമെന്നുറപ്പാണ്. ഇത്തരമൊരു ചോദ്യം ചെയ്യലിനുളള അവസരം ഉണ്ടാക്കാതിരിക്കാനുളള ഒറ്റമൂലിയാണ് വിവാഹം. അടുക്കളയില്‍ തളച്ചിടപ്പെടുന്നതോടെ സമൂഹവുമായുളള ബന്ധംകൂടിയാണ് അറുത്തുമാറ്റുന്നത്. ഇതിലൂടെ പിന്തിരിപ്പന്‍ ആശയക്കാര്‍ക്ക് നേട്ടങ്ങളുണ്ടായേക്കാം. പക്ഷേ, സമൂഹത്തിനും സമുദായത്തിനും ദോഷം മാത്രമേ ഉണ്ടാവൂ.
എം ഇ എസ് അടുത്തിടെ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 99 ശതമാനം മുസ്ലീം പെണ്‍കുട്ടികളും വിവാഹപ്രായം പതിനാറാക്കി കുറയ്ക്കുന്നതിന് എതിരായിരുന്നു. ഇതില്‍ നിന്ന് ഇവരുടെ നിലപാട് വ്യക്തം. അവര്‍ക്ക് പഠിക്കാനും ജീവിത വിജയങ്ങള്‍ നേടാനും ആഗ്രഹമുണ്ട്. ഈ ആഗ്രങ്ങളെയാണ് വിവാഹപ്രായം കുറച്ച് കുഴിച്ചുമൂടാന്‍ ശ്രമിക്കുകന്നത്. സമൂഹത്തിലെ മുഖ്യധാരയിലേക്ക് മുസ്ലീം പെണ്‍കുട്ടികള്‍വ വരുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണ്. മലബാറിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടി ഇന്നേവരെ ഒരു മുസ്ലീം വനിതാ എം എല്‍ എയെ നിയമസഭയില്‍ എത്തിച്ചിട്ടില്ല. അപ്പോള്‍ , പാര്‍ലമെന്റിലെ കാര്യം പറയേണ്ടതില്ലല്ലോ. മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് മുസ്ലീം വനിതകള്‍ സ്ഥാനാര്‍ഥികളാവുന്നുണ്ടെങ്കിലും അത് മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ട് മാത്രമാണ്. വനിതാ സംവരണ സീറ്റുകളില്‍ പുരുഷന്‍മാര്‍ക്ക് മത്സരിക്കാനാവില്ല എന്നത് മാത്രമാണ് ഇതിന് കാരണം. ഇത്തരം സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകളെ നോക്കുകുത്തികളാക്കി മറ്റുളളവര്‍ ഭരിക്കുന്നതും രഹസ്യമായ പരസ്യമാണ്.
ബഹുഭൂരിപക്ഷം മുസ്ലീം വിവാഹങ്ങളും അവരവരുടെ മഹല്ലിലാണ് നടക്കുന്നത്. പതിനെട്ട് വയസ്സില്‍ താഴെയുളളവരുടെ വിവാഹം നടത്തിക്കൊടുക്കില്ലെന്ന് അതത് മഹല്ല് കമ്മറ്റികള്‍ തീരുമാനിച്ചാല്‍ ഈ സാമൂഹ്യവിപത്തിനെ വലിയൊരളവില്‍ ഇല്ലാതാക്കാന്‍ കഴിയും. ഇതിനായി യുവാക്കളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. സ്വന്തം സഹോദരിമാരെ വളരെ ചെറുപ്പത്തിലേ, വിദ്യാഭ്യാസം നഷ്ടപ്പെടുത്തി ജീവിതപ്രാരാബ്ധങ്ങളിലേക്ക് തളളിയിടണമോയെന്ന് ഓരോരുത്തരും ചിന്തിക്കണം. ഇത്തരം ചിന്തകളിലൂടെയും പ്രവര്‍ത്തികളിലൂടെയും മാത്രമേ ഇതിനൊരു പരിഹാരം കാണാനാവൂ.
READ MORE....>>>>>>http://vyganews.com/articly-by-askar-vengad-on-muslim-marriage/

No comments:
Post a Comment